Sudhakar mangalodayam biography of mahatma

സുധാകർ: വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരൻ

വെള്ളൂർ (വൈക്കം) ∙ ജനപ്രിയ സാഹിത്യത്തിന്റെ മുഖപ്രസാദമായി മാറിയ പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി.നായർ – 72) അന്തരിച്ചു. സംസ്കാരം ഇന്നു  പത്തിന് വീട്ടുവളപ്പിൽ. ജനപ്രിയ നോവലിസ്റ്റ്, ടെലിവിഷൻ മെഗാ സീരിയലുകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത സുധാകർ മംഗളോദയം കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരനായിരുന്നു. 

മലയാള മനോരമ ആഴ്ചപ്പതിപ്പിൽ സുധാകർ മംഗളോദയം എഴുതിയ നോവലുകൾക്കായി ഓരോ ആഴ്ചയും ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു വായനക്കാർ. മുറപ്പെണ്ണ്, നന്ദിനി ഓപ്പോൾ, കൂടപ്പിറപ്പ്, മൗനസരോവരം, നാമം ജപിക്കുന്ന വീട്, പാദസരം, സഫലം, ചിറ്റ, തില്ലാന, അമ്മ, കുങ്കുമപ്പൊട്ട് തുടങ്ങിയവയാണ് പ്രധാന നോവലുകൾ. 

പത്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ എഴുതി. നന്ദിനി ഓപ്പോൾ എന്ന സിനിമയുടെ സംഭാഷണവും ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതി. വെള്ളൂർ മുണ്ടുപറമ്പിൽ വീട്ടിൽ പരേതരായ പരമേശ്വരൻ നായരുടെയും ജനകിയമ്മയുടെയും മകനാണ്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലും ഒറ്റപ്പാലം എൻഎസ്എസ് കോളജിലുമായിരുന്നു പഠനം. ഭാര്യ പരേതയായ ഉഷ. ഏകമകൾ: ശ്രീവിദ്യ. മരുമകൻ: ശ്രീജിത്ത്.

സുഗന്ധമുള്ള ഭാഷയിൽ തെളിനീരൊഴുകും പോലെ..

സുധാകർ മംഗളോദയവുമായുള്ള സൗഹൃദത്തിന്റെ ഓർമയിൽ നോവലിസ്റ്റ് ജോയ്സി

കോട്ടയത്തു വച്ച് 1985ലാണ് സുധാകർ മംഗളോദയത്തെ ആദ്യമായി കണ്ടത്. സുമുഖനും ഊർജസ്വലനും സരസനുമായ യുവാവ്. വളരെ വേഗം അടുത്ത സൗഹൃദത്തിലായി. സുധാകർ എന്നും രാവിലെ 10 മണിയോടെ കോട്ടയം നഗരത്തിനടുത്തുള്ള ചവിട്ടുവരിയിലെ എന്റെ മുറിയിലെത്തും. സാഹിത്യവും സിനിമയും എല്ലാം സംസാരിച്ച് അവിടെയിരിക്കും. വൈകിട്ട് അഞ്ചായാൽ ചാടിയെണീക്കും.  

വെള്ളൂർക്ക് ബസ് കിട്ടുമോ എന്ന വേവലാതിയോടെ ഓടും.   സംസാരത്തിനിടയിൽ വാരികയിൽ കൊടുക്കാൻ കൊണ്ടു വന്ന നോവലിന്റെ കാര്യമൊക്കെ പലപ്പോഴും മറന്നു പോകുമായിരുന്നു.  അങ്ങനെ എത്രയോ ദിവസങ്ങൾ. ടിവി പരമ്പരകൾക്ക് തിരക്കഥയെഴുതാൻ തുടങ്ങിയതോടെ താമസം എറണാകുളത്തായി. ഞാനും നോവൽ എഴുതാൻ വേണ്ടി അവിടെ ഹോട്ടൽ മുറിയിലുണ്ടാകും. 

രാത്രി 10 മണിയോടെ എഴുത്തു നിർത്തി സുധാകർ എന്റെ ഹോട്ടൽ ‍മുറിയിൽ വരും.  പിന്നെ രാവേറുവോളം ചർച്ചയാണ്. അതിരാവിലെ കുളിച്ച് ക്ഷേത്രത്തിൽ തൊഴാൻ പോകും.  സുധാകറിന്റെ ഭാര്യ ഉഷയുടെ മരണം ആകസ്മികമായിരുന്നു. ഉഷ മരിച്ച സമയത്ത് ഞാൻ ആ വീട്ടിൽ പോയി കൂടെ താമസിച്ച് ആശ്വസിപ്പിച്ചിരുന്നു.  ഇപ്പോൾ ഒരു വാക്കും മിണ്ടാതെ സുധാകറും പോയി.  ഞാൻ തനിച്ചായതു പോലെ.. 

മലയാളത്തനിമയുടെ സുഗന്ധവും നന്മയും ആർദ്രതയും പ്രസരിച്ചിരുന്ന തെളിനീരുറവ പോലെയുള്ള ആ ഭാഷയിൽ ഇനിയൊരു കഥ കൂടി പിറക്കുകയില്ലല്ലോ എന്ന ദുഃഖം ബാക്കിയാവുന്നു. 

ജനപ്രിയതയുടെ സ്നേഹാക്ഷരങ്ങൾ

കോട്ടയം ∙ ഒറ്റപ്പാലത്തെ ഡിഗ്രി പഠന കാലത്താണ് എഴുത്തിലെ വള്ളുവനാടൻ ഭാഷ സുധാകർ മംഗളോദയത്തിനു സ്വന്തമായത്.  സുധാകർ പി. നായർ എന്ന പേരിൽ റേഡിയോ നാടകങ്ങളാണ് ആദ്യമെഴുതിയത്.  പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റുപോലെ’ സിനിമയുടെ കഥ  സുധാകറിന്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തിൽ നിന്നാണ്.

എഴുത്തിന്റെ ലോകത്ത് തിരക്കു കൂടിയപ്പോൾ ഭാര്യ ജി. ഉഷയുടെ പേരിലും സുധാകർ നോവലെഴുതി.സിനിമയോട് വലിയ കമ്പമായിരുന്നു സുധാകറിന്.പി.ചന്ദ്രകുമാറിന്റെ സഹസംവിധായകനായി കുറച്ചുകാലം മദ്രാസിലും പ്രവർത്തിച്ചിട്ടുണ്ട്.എഴുത്തുപോലെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് സുധാകർ തെളിയിച്ചത് ‘ വാവ ’ എന്ന സീരിയലിലൂടെയാണ്.സുധാകറിന്റെ നോവലുകൾ ജനപ്രിയതയുടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ കാലത്ത് ആഴ്ചയിൽ അഞ്ചുനോവലുകൾ വരെ എഴുതിയ സമയമുണ്ട്.ഓഫിസുകളിൽ നിന്ന് പുതിയ കഥ തേടി വിളി വരുമ്പോൾ  സുധാകർ ഒരു സൂപ്പർ തലക്കെട്ട് കണ്ടെത്തി ആദ്യം നൽകും.തൊട്ടു പിന്നാലെ  ആദ്യ ലക്കവും. 

English summary: Sudhakar Mangalodayam passes away